ഏകദേശം ആയിരം വർഷങ്ങൾക്കുമുമ്പ് വളഭൻ നിർമ്മിച്ച ചെറുകുന്ന് അന്നപൂർണ്ണേശ്വരീ ക്ഷേത്രത്തിൽ, ആ പേരിന് അന്വർഥമായി, അന്നുതൊട്ട് ഇന്നോളം മുടങ്ങാതെ രണ്ടുനേരവും അന്നദാനം നടന്നുവരുന്നു. ആയിരം പേർക്ക് ഒരുമിച്ചിരുന്ന് ഊണുകഴിക്കാൻ തക്കവണ്ണം വിശാലമായ അഗ്രശാല ഇവിടെയുണ്ട്. സാക്ഷാൽ അന്നപൂർണ്ണേശ്വരി തന്നെ സ്വർണ്ണക്കോരികയും, ചട്ടുകവുമായി ഭക്തർക്ക് അന്നം വിളമ്പുന്നുവെന്നാണ് വിശ്വാസം.
ചെറുകുന്നിൽ അന്നപൂർണ്ണേശ്വരിക്ക് ഇനിയൊരാസ്ഥാനം കണ്ടെത്താനായി കൃഷ്ണൻ തന്നെയാണ് പറ്റിയ സ്ഥലമന്വേഷിച്ച് പുറപ്പെട്ടത്. വഴിയിൽ ഒന്നാംതരമൊരു സ്ഥലം കണ്ട് ബോധ്യപ്പെട്ടപ്പോൾ കൃഷ്ണൻ അങ്ങോട്ട് കടന്ന് അവിടെ ഇരിപ്പുറപ്പിച്ചുവത്രെ. തനിക്കധിവസിക്കാൻ പറ്റിയ സ്ഥലമന്വേഷിച്ചിറങ്ങിയ കൃഷ്ണൻ ഏറെ വൈകിയിട്ടും എത്തിക്കാണാഞ്ഞപ്പോൾ ശുണ്ഠിപിടിച്ച അന്നപൂർണ്ണേശ്വരി തനിക്കു വേണ്ട സ്ഥലം കണ്ടുപിടിക്കുവാൻ സ്വയം പുറപ്പെട്ട് നേരെ ആദ്യം ചെന്നത് മണിയങ്ങാട്ട് നമ്പൂതിരിയുടെ ഇല്ലത്തായിരുന്നു. ഇല്ലം അന്ന് ചെറുതായിരുന്നു. ദേവി നേരെ നടന്ന് മണിയങ്ങാട്ടില്ലത്തെ പടിഞ്ഞാറ്റയിൽ പോയി നിശ്ശബ്ദയായി ഇരുന്നു. അവിടെ ആ സമയത്ത് പുരുഷന്മാരാരുമുണ്ടായിരുന്നില്ല. സ്ത്രീകൾ അകത്തിരിക്കുന്ന അന്നപൂർണ്ണേശ്വരിയെ കണ്ടു. അവർക്ക് ഒട്ടും പരിഭ്രമമുണ്ടായില്ല. കുലീനയായ ഒരു സ്ത്രീ വഴിയാത്രയിൽ കുറച്ച് സമയം വിശ്രമിക്കാൻ കയറിയതായിരിക്കുമെന്ന് മാത്രമേ അവർക്ക് തോന്നിയുള്ളൂ. അവർ സ്നേഹപൂർവം അന്നപൂർണ്ണേശ്വരീദേവിയുമായി സംഭാഷണം തുടങ്ങി.
ഊണിന്ന് നേരമായപ്പോൾ ഇല്ലത്തെ സ്ത്രീകൾ വിരുന്നിനുവന്ന അന്തർജ്ജനത്തെ ക്ഷണിച്ചിരുത്തി സൽക്കരിച്ചു. അതിഥിക്കായി പ്രത്യേകിച്ചൊന്നും കരുതിയിരുന്നില്ല. സാധാരണ പതിവുപോലെ ചോറും, ഒരു കറിയും മാത്രം. ഉള്ളതെല്ലാം ഒരേ മനസ്സോടെ പങ്കുവെച്ച് കഴിക്കാൻ അവർ താത്പര്യംകൊണ്ടു. ചോറുവിളമ്പാൻ പാത്രത്തിനു പകരം മുറമാണ് ഉപയോഗിച്ചിരുന്നത്. എല്ലാവരുടെ മുന്നിലും വേണ്ടത്ര വിളമ്പിയിട്ടും മുറത്തിൽ പഴയതുപോലെതന്നെ ചോറും, കറികളും ബാക്കികിടക്കുന്നു. ഊണുകഴിഞ്ഞ് കുറച്ചൊന്ന് വിശ്രമിച്ചതിനുശേഷം അതിഥി യാത്ര പറഞ്ഞിറങ്ങി. പിന്നെ അവരെ ആരും എവിടെയും കണ്ടില്ലത്രെ
മറുനാട്ടിൽനിന്ന് എത്തിപ്പെട്ട തീരെ അപരിചിതയായ ഒരു സ്ത്രീയെ സ്നേഹപൂർവം സൽക്കരിച്ചിരുത്തി, വിശപ്പും, ദാഹവും തീർത്ത് അയയ്ക്കാൻ സന്മനസ്സ് കാണിച്ച മണിയങ്ങാട്ടില്ലക്കാരെ അന്നപൂർണ്ണേശ്വരി മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ചു. അന്നപൂർണ്ണേശ്വരീദേവിയുടെ അനുഗ്രഹമൊന്നുകൊണ്ടുമാത്രമാണ് എത്ര കുറച്ച് വെച്ചാലും ഇരുന്നവർക്ക് സമൃദ്ധമായി വിളമ്പാൻ കഴിയുന്ന മനശ്ശക്തി മണിയങ്ങാട്ടില്ലക്കാർക്കു കൈവന്നതും, മണിയങ്ങാട്ടില്ലക്കാരെ തൻ്റെ ക്ഷേത്രത്തിലെ അരിവെപ്പുകാരായി ദേവി നിശ്ചയിച്ചതും എന്നാണ് വിശ്വാസം. ഇല്ലത്ത് അതിഥിക്ക് ചോറു വിളമ്പിക്കൊടുത്തത് മുറം കൊണ്ടായിരുന്നല്ലോ. ആ സ്മരണ നിലനിർത്തിക്കൊണ്ട് ഇന്നും ചെറുകുന്ന് ക്ഷേത്രത്തിലെ അന്നദാനത്തിന് മുറത്തിലേ ചോറു വിളമ്പാറ് പതിവുള്ളൂ.